ഭാരം കുറയ്ക്കണോ? ഈ വിഭവങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തൂ
ഭാരം കുറയ്ക്കാനായി നാം പല വിധ വഴികള്‍ തേടാറുണ്ട്. ചിലര്‍ മണിക്കൂറുകളോളം വര്‍ക്ക് ഔട്ട് ചെയ്യും. മറ്റ് ചിലര്‍ ഭക്ഷണമെല്ലാം ഉപേക്ഷിച്ച് ദിവസങ്ങളോളം പട്ടിണി കിടക്കം. കീറ്റോ, കൊറിയന്‍ എന്നിങ്ങനെ പല പേരുകളില്‍ പല വിധത്തിലുള്ള ഡയറ്റുകള്‍ പരീക്ഷിക്കുന്നവരും നിരവധി. എന്നാല്‍ ഇവയെല്ലാം ചെയ്തിട്ടും ഭാരം കുറയുന്നില്ലെങ്കില്‍ ഇനി പറയുന്ന ചില വിഭവങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി നോക്കാം.
1.പൈനാപ്പിള്‍
ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള പൈനാപ്പിള്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലെയ്ന്‍ എന്ന എന്‍സൈമിന് ആന്റി-ഇൻഫ്ളമേറ്ററി കഴിവുകളുമുണ്ട്. ബ്രോമെലെയ്ന്‍ വയറിലെ കൊഴുപ്പ് അലിയിച്ച് കളയാനും ഉത്തമമാണ്.
2. കുക്കുംബര്‍
സാലഡ് വെള്ളരി എന്നറിയപ്പെടുന്ന കുക്കുംബര്‍ ശരീരത്തിന്റെ വിഷാംശം നീക്കാന്‍ സഹായിക്കും. ഇതിലെ ഫൈബറും ജലാശവും വിശപ്പിനെയും അമിതമായി കഴിക്കണമെന്ന ആഗ്രഹത്തെയും അടക്കുന്നതാണ്. കൊഴുപ്പിനെ അലിയിച്ച് കളയാന്‍ ഉപയോഗിക്കുന്ന ജ്യൂസുകളുടെ ഒരു പ്രധാന ചേരുവയായി കുക്കുംബര്‍ മാറുന്നതും ഈ കാരണം കൊണ്ടാണ്.
3. ആപ്പിള്‍
പെക്ടിന്‍ ഫൈബര്‍ അടങ്ങിയ ആപ്പിള്‍ ദഹിക്കാനായി ദീര്‍ഘ സമയം ആവശ്യമുണ്ട്. ഇതിനാല്‍ ആപ്പിളുകള്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞ പ്രതീതി സൃഷ്ടിക്കും. വലിച്ചു വാരി ഭക്ഷണം കഴിക്കാതിരിക്കാനും കലോറിയും പഞ്ചസാരയും കുറഞ്ഞ ആപ്പിളുകള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കഴിയും.
4. മുട്ട
പ്രോട്ടീന്റെ സമ്പന്ന സ്രോതസ്സാണ് മുട്ട. നന്നായി പുഴുങ്ങിയ ഒരു മുട്ടയില്‍ ഏകദേശം 100 കാലറി അടങ്ങിയിട്ടുണ്ട്. വയര്‍ നിറയാനും മുട്ട സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് കുറച്ച് അമിതഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
5. പോപ്കോണ്‍
രുചികരവും ആരോഗ്യകരവുമായ സ്നാക്കാണ് പോപ്കോണ്‍. 100 കാലറി ഇതില്‍ അടങ്ങിയിരിക്കുന്നു. എളുപ്പം ഉണ്ടാക്കാനും സാധിക്കുന്ന പോപ്കോണ്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഇത് തയാറാക്കുമ്പോൾ അമിതമായി വെണ്ണ ചേര്‍ക്കാതിരിക്കാനും ശ്രദ്ധിക്കണം.